തിരുവനന്തപുരം : തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ശാസ്ത്രീയമായി പദ്ധതി രേഖ തയാറാക്കിയ ശേഷമാണ് ഏതൊരു വികസന പദ്ധതിയും ആരംഭിക്കേണ്ടത്. എന്നാല്‍ ഈ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ ഡിപിആര്‍ തയാറാക്കുകയോ ചെയ്തിട്ടില്ല. തീരദേശവാസികളെ ഒന്നാകെ കുടിയൊഴിപ്പിച്ച് സമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പരിശോധിക്കാതെ നിയമവിരുദ്ധമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.കടലില്‍നിന്നു 50 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ മാറി കടന്നുപോകുന്ന എന്‍എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യം മനസ്സിലാകുന്നില്ലെന്ന് വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസവ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്.
വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാധികളെയും ബാധിക്കുന്ന പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച, ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയാറായിട്ടില്ല. അതുകൊണ്ടുതന്നെ വികസന പദ്ധതികളെ അവര്‍ സംശയത്തോടും ഭയത്തോടും കൂടിയാണ് നോക്കിക്കാണുന്നത്. ഈ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതി പരിശോധിക്കപ്പെടേണ്ടതാണ്. തീരദേശ പാതയുടെ പേരില്‍ ഇനിയൊരു കുടിയൊഴിപ്പിക്കല്‍ കൂടി താങ്ങാനുള്ള ശേഷി കേരളത്തിനില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഈ രണ്ട് റോഡുകള്‍ക്കും ഇടയില്‍ എവിടെ പുനരധിവസിപ്പിക്കുമെന്നും വിഡി സതീശന്‍ ചോദിച്ചു.