‘ഞങ്ങള്‍ക്ക് ആ ഏര്‍പ്പാടില്ല, സിപിഎമ്മുകാരും ചെയ്യില്ല; കൂടോത്രം ചെയ്തത് സതീശന്‍ കമ്പനി’

0

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടോത്രം ചെയ്യണമെങ്കില്‍ അത് സതീശന്‍ കമ്പനിയല്ലാതെ മറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരനെതിരെ സിപിഎമ്മുകാര്‍ കൂടോത്രം ചെയ്യാന്‍ സാധ്യതയില്ലെന്നും ബിജെപിക്ക് അങ്ങനെയുള്ള ഏര്‍പ്പാടുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍

നടനെന്ന നിലയില്‍ ഉദ്ഘാടനത്തിന് സുരേഷ് ഗോപി പണം വാങ്ങുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ പരിപാടികളിലോ ജനങ്ങളുടെ പരിപാടികളിലോ പങ്കെടുക്കുന്നതിനല്ല അദ്ദേഹം പണം വാങ്ങുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മുകേഷും ഗണേഷ് കുമാറും പണം വാങ്ങുന്നില്ലേ?, . അദ്ദേഹം സിനിമ ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ആവശ്യമുണ്ടാകും. സിനിമാ നടന്‍മാരെ കച്ചവടസ്ഥാപനങ്ങള്‍ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവര്‍ക്ക് പബ്ലിസിറ്റി കിട്ടാനാണ്. നടന്‍മാരെ വിളിച്ച് ഉദ്ഘാടനം നടത്തുന്നതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയത്. എന്നാല്‍ മുസ്‌ലിം സമുദായ സംഘടനകള്‍ വര്‍ഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വര്‍ഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സഖാക്കള്‍ യുഡിഎഫിന് വോട്ട് ചെയ്തതിനെക്കുറിച്ചും അവര്‍ അവലോകനം നടത്തുന്നില്ല. മറിച്ച് തോല്‍വിയുടെ എല്ലാ പഴിയും എസ്എന്‍ഡിപിക്കും മറ്റുള്ള ഹിന്ദുസംഘടനകള്‍ക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് വസ്തുതാപരമല്ല. പരാജയത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരവും ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് പരാജയത്തിനുള്ള കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply