കൊച്ചി: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തിന്റെ ആസൂത്രക അനുപമയാണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനാവശ്യത്തിന് വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്,പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒടുവിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ ഒന്നിന് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം ആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ പിടിയിലാവുകയായിരുന്നു.