വെനെസ്വേലയെ അട്ടിമറിച്ചു; കന്നി വരവില്‍ തന്നെ സെമി ഉറപ്പിച്ച് കാനഡ

0

ന്യൂയോര്‍ക്ക്: ആവേശപ്പോരാട്ടത്തില്‍ വെനെസ്വേലയെ അട്ടിമറിച്ച് കന്നി കോപ്പ അമേരിക്ക പോരാട്ടം കളിക്കാനെത്തിയ കാനഡ. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു വെനെസ്വേലയെ വീഴ്ത്തിയാണ് കാനഡ സെമിയിലേക്ക് മുന്നേറിയത്. അവസാന നാലില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.

നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് പെനാല്‍റ്റി വിധി നിര്‍ണയിച്ചത്.

കാനഡയ്ക്കായി ജൊനാഥന്‍ ഡേവിഡ്, മൊയ്‌സ് ബൊംബിറ്റോ, അല്‍ഫോണ്‍സോ ഡേവിസ്, ഇസ്മയില്‍ കൊനെ എന്നിവര്‍ ലക്ഷ്യം കണ്ടു. ലിയാം മില്ലര്‍, സ്റ്റീഫന്‍ എസ്റ്റക്വിവോ എന്നിവരുടെ കിക്കുകളാണ് പാഴായത്.വെനെസ്വേലയ്ക്കായി സലോമന്‍ റോന്‍ഡോന്‍, തോമസ് റിന്‍കോന്‍, ജോണ്ടര്‍ കാഡിസ് എന്നിവര്‍ മാത്രമാണ് വല ഭേദിച്ചത്. യാംഗല്‍ ഹെരേര, ജെഫേഴ്‌സന്‍ സവരിനോ, വില്‍കര്‍ എയ്ഞ്ചല്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കാണാതെ വന്നതോടെ അവര്‍ ക്വാര്‍ട്ടറില്‍ പുറത്ത്.

കളി തുടങ്ങി 13ാം മിനിറ്റില്‍ തന്നെ കാനഡ മുന്നിലെത്തി. ജേക്കബ് ഷഫെല്‍ബര്‍ഗാണ് ടീമിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ സമനിലയ്ക്കായി വെനെസ്വേല ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

രണ്ടാം പകുതി പുരോഗമിക്കവേ ഒടുവില്‍ 64ാം മിനിറ്റില്‍ അവര്‍ കെട്ടുപൊട്ടിച്ചു. സലോമന്‍ റോണ്‍ഡോനിലൂടെ വെനെസ്വേല സമനി പിടിച്ചു. പിന്നീട് പക്ഷേ ഇരു ടീമുകളും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടില്‍ നിര്‍ണയിച്ചത്.

Leave a Reply