കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് മേപ്പാടിയിലെ ശ്മശാനങ്ങളില്‍ അന്ത്യവിശ്രമമൊരുക്കി. ഇസ്ലാംമതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്.
34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ക്കാണ് ചിതയൊരുക്കിയത്. മേപ്പാടി പൊതുജനാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനം നടത്തും. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.ദുരന്തത്തില്‍ ഇതുവരെ 162 പേരുടെ മരണം സ്ഥിരീകരിച്ചു. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയാക്കിയത്. ചാലിയാര്‍ പുഴയില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങള്‍ കണ്ടത്. പോത്തുകല്ലില്‍നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും തിരച്ചില്‍ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.