‘ചെറിയ അരുവി പെട്ടെന്ന് പുഴയായി മാറി, നോക്കി നോക്കിയിരിക്കെ അത് വീട്ടുപടിക്കലെത്തി’

0

ചൂരല്‍മല: ‘ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഞങ്ങള്‍ കേട്ട ശബ്ദം കാതടപ്പിക്കുന്നതായിരുന്നു. ക്വാറികളില്‍ നിന്ന് കേള്‍ക്കുന്ന സ്ഫോടനത്തേക്കാള്‍ ഇരട്ടി ശബ്ദമായിരുന്നു അത്,’ വയനാടിനെ കണ്ണിരിലാഴ്ത്തിയ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട സിജു ചാക്കോ പറഞ്ഞു.ഇപ്പോഴും ദുരന്തത്തിന്റെ ഞെട്ടലിലാണ് കര്‍ഷകനായ സിജുവും കുടുംബവും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.

‘ശബ്ദം കേട്ട് ഞാനും ഭാര്യയും 10 വയസ്സുള്ള മകനും വീട്ടില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി, എന്റെ ഭാര്യ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഇരുട്ടില്‍ ചെളിയിലൂടെ ഞങ്ങള്‍ നടന്നു. ഞങ്ങള്‍ എങ്ങനെയാണ് സുരക്ഷിതമായ സ്ഥലത്ത് എത്തിയതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല, ” സിജു പറഞ്ഞു. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷണല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് സിജുവിന്റെ മകന്‍.’ചെറിയ അരുവി ഒരു വലിയ നദിയായി മാറി എന്റെ വീടിന്റെ മുമ്പിലെത്തിയിരിക്കുന്നു. എന്റെ വീടിന്റെ വാതില്‍പ്പടിയില്‍ ഒരു വലിയ മാനിന്റെ ജഡം കണ്ടു. ഉരുള്‍പൊട്ടലിന്റെ ഉറവിടം വനത്തിനുള്ളില്‍ ആയിരിക്കാം, മാന്‍ വെള്ളത്തില്‍ ഒലിച്ചെത്തിയതാകാം, വീടിന് സമീപത്ത് മറ്റൊരു കുടുംബം താമസിക്കുച്ചിരുന്നു, അവരുടെ മക്കള്‍ മറ്റെവിടെയോയാണ് പഠിക്കുന്നത്. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല. 250 ഓളം ആളുകള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു. എനിക്ക് അവരെ എല്ലാവരെയും അറിയാം,’സിജു പറഞ്ഞു.

മേപ്പാടിയില്‍ പുതിയ വീട് പണിയുന്ന സിജു തല്‍ക്കാലം ചൂരല്‍മലയിലെ പഴയ വീട്ടിലായിരുന്നു താമസം. ‘ഇത് ഞങ്ങള്‍ക്ക് ഒരു പേടിസ്വപ്നമായി തോന്നുന്നു. ഇങ്ങനെയൊന്ന് ഞങ്ങള്‍ക്ക് സംഭവിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ ചെവിക്കുള്ളില്‍ എന്തോ പ്രശ്‌നമുള്ളതു പോലെ തോന്നുന്നുണ്ട്, അത് കാതടപ്പിക്കുന്ന ആ ശബ്ദത്തിന്റെ പ്രകമ്പനമാകം സിജു പറഞ്ഞു.

Leave a Reply