ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള എംപിമാര്‍. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആന്റോ ആന്റണി എംപിയും, രണ്ടു മന്ത്രിമാരല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്ന് എൻ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്. ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്ക്വയര്‍ ബജറ്റാണിത്. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്നത് പറഞ്ഞത് വെറുതെയായി എന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
തങ്ങള്‍ക്കിഷ്ടമുള്ളവരെ സഹായിക്കുക, ബാക്കിയുള്ളവരെ തള്ളിക്കളയുക, സമ്മര്‍ദ്ദത്തിന് വഴങ്ങി കാര്യങ്ങള്‍ ചെയ്യുക എന്നുള്ള ഒരു സമീപനമാണ് ബജറ്റില്‍ കാണുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ മുന്‍കരുതലെടുക്കാന്‍ വേണ്ടി പോലും പല സംസ്ഥാനങ്ങളെയും സഹായിച്ച കേന്ദ്രം വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള ദേശീയ ബജറ്റാണിത്. കേരളത്തിന് കഴിഞ്ഞ 10 വര്‍ഷമായി പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിന്റെ പേരു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ലെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ ഒന്നിച്ചു പോരാടണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ ഇടത് എംപിമാര്‍ ഇറങ്ങിപ്പോയി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതായി ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.