കൊച്ചി: യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന ടിക്കറ്റ് റദ്ദാക്കിയ എയര്‍ലൈന്‍ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബദല്‍ യാത്ര സംവിധാനവും ഒരുക്കിയിരുന്നില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. എറണാകുളം സ്വദേശി പീറ്റര്‍ എം സ്‌ക്കറിയ, എയര്‍ ഏഷ്യ , ഇന്‍ഫിനിറ്റി ട്രാവല്‍ കെയര്‍, കോട്ടയം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
24 പേര്‍ ഉള്‍പ്പെടുന്ന യാത്രാ സംഘത്തില്‍ അംഗമായ പരാതിക്കാരന്‍ 2021 നവംബര്‍ മാസത്തിലാണ് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 ജനുവരി 28 ന് യാത്ര പുറപ്പെടാനായി കണ്‍ഫര്‍മേഷന്‍ എസ്എംഎസ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഗോഹാത്തിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് 2022 ജനുവരി 26 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനം നിമിഷം റദ്ദാക്കി. സാങ്കേതികമായ കാരണങ്ങളാണ് കാരണമായി വിമാന കമ്പനി പറഞ്ഞത് .എന്നാല്‍ ഓവര്‍ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് റദ്ദാക്കിയത് എന്നാണ് പരാതിക്കാരന്റെ വാദം. പകരം യാത്ര സംവിധാനം ഏര്‍പ്പെടുത്തുകയോ തുക തിരിച്ച് നല്‍കുകയോ ചെയ്തില്ല. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.വ്യേമയാന മന്ത്രാലയം പുറപ്പെടുവിച്ച പാസഞ്ചര്‍ ചാര്‍ട്ടര്‍ പ്രകാരം വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പെങ്കിലും അക്കാര്യം യാത്രക്കാരനെ അറിയിച്ചിരിക്കണം. യാത്ര അനിശ്ചിതത്തിലാക്കുകയും യാത്രാപരിപാടികളുടെ താളം തെറ്റിക്കുകയും ചെയ്തു. യാത്രക്കാരന്‍ ഏറെ മനക്ലേശവും അനുഭവിക്കേണ്ടി വന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാന്‍ നിയമം ശക്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. അധിക യാത്രചെലവിനത്തിലെ 5000 രൂപയും, നഷ്ടപരിഹാരമായി കോടതി ചെലവ് ഇനത്തില്‍ 30,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. കെ രാധാകൃഷ്ണന്‍ നായര്‍ ഹാജരായി.