ബംഗളൂരു: മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ നഗരവികസനമന്ത്രി നിര്‍ദേശിച്ചു. ബംഗളൂരുവിലെ ജിടി മാളിലാണ് മുണ്ടുടുത്ത് എത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ മാള്‍ ഉടമയ്ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇത്തരമൊരു നടപടിക്ക് നിയമപ്രകാരം വ്യവസ്ഥയുണ്ടെന്ന് നഗരവികസനമന്ത്രി ബൈരതി സുരേഷ് നിയമസഭയില്‍ വ്യക്തമാക്കി
ഫക്കീരപ്പ മകന്‍ നാഗരാജിനൊപ്പം സിനിമ കാണാന്‍ എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ചത്. പാന്റ്‌സ് ധരിച്ചാലേ അകത്തേക്ക് പ്രവേശനം അനുവദിക്കാനാകൂവെന്ന് പറഞ്ഞായിരുന്നു പ്രവേശന നിഷേധം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ബുധനാഴ്ച മാളിന് മുന്നില്‍ കന്നട സംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടായി. ഫക്കീരപ്പയുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിനിടെ മാള്‍ അധികൃതര്‍ പരസ്യമായി ക്ഷമാപണം നടത്തുകയും മാളിനുള്ളില്‍ വച്ച് ആദരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാരിനെതിര രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കാള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.