കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. മുഖ്യമന്ത്രിയുടെ ശൈലി കൊണ്ട് വോട്ടൊന്നും കുറഞ്ഞിട്ടില്ല. മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
ഇടതുപക്ഷത്തിന് രണ്ടാമതും അധികാരം കിട്ടില്ലെന്ന് പൊതുവെ വിശ്വസിച്ചപ്പോഴും, വമ്പിച്ച വിജയമാണ് രണ്ടാമതും കിട്ടിയത്. പിണറായി വിജയന്റെ ശൈലിയൊന്നും മാറിയില്ല. ഇപ്പോഴും മാറിയിട്ടില്ല. മൂന്നാമൂഴവും പിണറായി സര്‍ക്കാര്‍ തുടരുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അഞ്ചു വര്‍ഷം ഭരിച്ച രീതിയില്‍ തന്നെ പോയാല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.’ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനവും എൽഡിഎഫിന് തിരിച്ചടിയായി. അടിസ്ഥാന വർഗങ്ങൾക്ക് കാര്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. അതേസമയം, ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് വോട്ട് ചെയ്തതുമില്ല. കാന്തപുരം വിഭാഗത്തിന്റെ വോട്ട് പോലും കിട്ടിയില്ലെന്നാണ് പലരും പറയുന്നത്. താനൊരു മുസ്ലിം വിരോധിയല്ല. പക്ഷെ അങ്ങനെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.’
‘ഞാൻ സത്യമാണ് പറഞ്ഞത്. യുഡിഎഫും എൽഡിഎഫും ഒമ്പത് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. അതിൽ ഏഴുപേർ ന്യൂനപക്ഷവും രണ്ടുപേർ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടവരുമാണ്. ഒരൊറ്റ പിന്നാക്കക്കാരനും അതിലില്ല. ഏഴിൽ അഞ്ചും മുസ്ലിങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളുമാണ്. എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്നും’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘ഇടതുപക്ഷത്തെ എന്നും പിന്തുണച്ചവരാണ് ഈഴവ സമുദായം. പക്ഷെ, സിപിഎം അവരെ പാടെ അവഗണിച്ചു. ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. എന്‍ഡിഎഫ് ഇടതുമുന്നണിയുടെ ഐശ്വര്യമാണ്. ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്‍റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതുമുന്നണി തോറ്റു പോയതെന്നും’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.