കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേക്ക് കേരള മന്ത്രിമാരുടെ സന്ദര്‍ശനം വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മന്ത്രിമാര്‍ക്ക് പോകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ദേശീയപാത നിര്‍മാണത്തിലെ അപാകതയാണ് ഷിരൂര്‍ ദുരന്തത്തിന് കാരണം. അര്‍ജുന്റെ കുടംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണമുണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. സ്ഥലം എംഎല്‍എയായ എകെ ശശീന്ദ്രന്‍ ഇപ്പോഴാണ് പോയത്. മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണ്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎല്‍എ അവിടെ തുടരുന്നുണ്ട്. തിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുത്’, മുരളീധരന്‍ പറഞ്ഞു.
ദേശീയ പാത നിര്‍മാണത്തിലെ അപാകത സംസ്ഥാനത്തും പ്രതിഫലിക്കും. അര്‍ജുന്റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ട. അര്‍ജുന്റെ കുടംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണമുണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഉണ്ടായ ദുരന്തത്തേക്കാന്‍ ഇത്തരം അക്രമണങ്ങള്‍ വേദനാജനകമാണെന്നും അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുരളീധരന്റെ പ്രതികരണം ഇങ്ങനെ; പാര്‍ട്ടി വേദിയില്‍ പറയുന്നതും പറയാത്തതും വാര്‍ത്തയാണ്. സുല്‍ത്താന്‍ ബത്തേരി ക്യാമ്പില്‍ തന്നെക്കുറിച്ച് പറയാത്തതുപോലും വാര്‍ത്തയായി. ഒറ്റുകാരുടെ റോളില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതില്‍ നടപടി വേണം. ഇത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും. വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നേരത്തെ ചെയ്യണം. തൃശ്ശൂരില്‍ സംഭവിച്ചത് ഇനി ഉണ്ടാവാന്‍ പാടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാടാണ് തനിക്ക് ചുമതല. ഇന്നലെ അത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. പാര്‍ട്ടിക്കകത്ത് പറയുന്നത് പുറത്തുവരുന്നത് ഗൗരവമായി എടുക്കണം. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണം
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തോടുപോലും നീതികാണിച്ചില്ല. എയിംസ് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് രണ്ട് വര്‍ഷം മുമ്പ് കിട്ടിയ മറുപടി. കേരളത്തില്‍ കിനാലൂരില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ഇല്ലാത്തതല്ല കാരണം. വേണമെങ്കില്‍ അനുമതി തരാം. ഇത് തരാതെ ഇരിക്കാന്‍ രാഷ്ട്രീയ കാരണം പോലും ഇപ്പോള്‍ ഇല്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോഴിമുട്ട കിട്ടും എന്നുകരുതി. എന്നാല്‍ ഒരു സീറ്റ് കിട്ടി. തിരിച്ച് നന്ദിയായി ഒരു കോഴിമുട്ട അവര്‍ തന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.