ന്യൂഡല്‍ഹി: ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1200ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സെന്‍സെക്‌സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെ എത്തി. നിഫ്റ്റിയില്‍ 435 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്. 24000 പോയിന്റ് എന്ന നിലവാരത്തിലാണ് നിഫ്റ്റി.ഓഹരിയുടേത് അടക്കം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം. ഇതാണ് വിപണിയെ സ്വാധീനിച്ചത്. നേരത്തെ ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. എഫ്ആന്റ്ഓ സെഗ്മെന്റില്‍ സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി 0.01 ശതമാനത്തില്‍ നിന്ന് 0.02 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശവും വിപണിയെ സ്വാധീനിച്ചു.
ധനകാര്യ ആസ്തികള്‍ ഒരു വര്‍ഷത്തിലധികം കാലം കൈവശം വെയ്ക്കുന്നവരാണ്് ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സിന്റെ പരിധിയില്‍ വരുന്നത്. അതേസമയം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സിന്റെ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. അതായത് 1.25 ലക്ഷം രൂപ വരെയുള്ള ധനകാര്യ ആസ്തികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് നികുതി വരില്ല.