കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി, മുണ്ടക്കെ ചൂരല്‍മല എന്നിവിടങ്ങളിലെ സമീപപ്രദേശങ്ങളിലെല്ലാം പുലര്‍ച്ചെ നിര്‍ത്താതെ മുഴങ്ങിയ ഫോണ്‍കോളുകളെല്ലാം സഹായം തേടിക്കൊണ്ടുള്ള നിലവിളികളായിരുന്നു. ഉറക്കത്തിനിടെ നിനച്ചിരിക്കാതെ മരണദൂതുമായി കുതിച്ചെത്തിയ മലവെള്ളത്തില്‍പ്പെട്ട ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ കണ്ണില്‍ക്കണ്ട നമ്പറുകളിലെല്ലാം സഹായം തേടി വിളിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയുംമുമ്പേ നിരവധിയാളുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും വീടുകളിലും കുടുങ്ങിയവര്‍ ചകിതരായി രക്ഷതേടി പരക്കെ വിളിക്കുകയായിരുന്നു. തന്റെ ‘വീട്ടില്‍ ചതുപ്പിനും അവശിഷ്ടങ്ങള്‍ക്കും കീഴില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടെന്നും പുറത്തെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു’ ചൂരല്‍മല സ്വദേശിയായ സ്ത്രീ വിളിച്ചു കരഞ്ഞത്.”ആരെങ്കിലും വന്ന് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. നൗഷീന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവള്‍ ചെളിയില്‍ കുടുങ്ങി. ടൗണില്‍ തന്നെയാണ് ഞങ്ങളുടെ വീട്…” ആ സ്ത്രീ വിളിച്ചു പറയുന്നു. ഈ സ്ഥലം ഇപ്പോഴും വിറയ്ക്കുന്നുണ്ടെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലാ എന്നുമാണ് ചൂരല്‍മല സ്വദേശിയായ മറ്റൊരാള്‍ ഫോണിലൂടെ പറഞ്ഞത്. ”ഭൂമി കുലുങ്ങുന്നു. സ്ഥലത്ത് വലിയ ബഹളമാണ്. ചൂരല്‍മലയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല”. അയാള്‍ പറഞ്ഞു.
”മുണ്ടക്കൈയില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി ജീവനുവേണ്ടി മല്ലിടുന്നു”ണ്ടെന്നായിരുന്നു മറ്റൊരാളുടെ ഫോണ്‍ സന്ദേശം. ”മേപ്പാടി ഭാഗത്ത് നിന്ന് ആരെങ്കിലും വാഹനത്തില്‍ ഇവിടെയെത്താന്‍ കഴിഞ്ഞാല്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനാകും.” അയാള്‍ പറഞ്ഞു.ആരോ തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്ന് പരിക്കേറ്റ മറ്റൊരാള്‍ പറഞ്ഞു. ഭാര്യ എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന്, ഒരു വലിയ ശബ്ദം കേട്ടു. വലിയ പാറകളും മരങ്ങളും പെട്ടെന്ന് ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരയിലേക്ക് വീഴുകയായിരുന്നു. വീടിന്റെ വാതിലുകളെല്ലാം തകര്‍ത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു” എന്നും അയാള്‍ പറയുന്നു.