ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട ശേഷം ഇളയ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 13 കാരന്‍ അറസ്റ്റില്‍. സംഭവം മറയ്ക്കാന്‍ ശ്രമിച്ച 13കാരന്റെ അമ്മയെയും രണ്ടു മൂത്ത സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയിലെ വൈരുദ്ധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
രേവയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നാടിനെ നടുക്കിയ കേസ് ആണ് പൊലീസ് തെളിയിച്ചത്. വീടിന്റെ പരിസരത്ത് നിന്നാണ് 9കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 9കാരിയുടെ മരണം കൊലപാതകമാണെന്നും ബലാത്സംഗത്തിന് വിധേയയായെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. 9കാരിയെ ബലാത്സംഗം ചെയ്ത ശേഷം 13കാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുവരെ 50 പേരേയാണ് ചോദ്യം ചെയ്തത്. പെണ്‍കുട്ടി ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. തൊട്ടരികില്‍ കിടന്ന 13 വയസുള്ള സഹോദരന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട ശേഷമായിരുന്നു കൃത്യമെന്നും പൊലീസ് പറയുന്നു.
തന്നെ പീഡിപ്പിച്ച കാര്യം അച്ഛനോട് പറയുമെന്ന് 9കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കുപിതനായ 13കാരന്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു. ഉടന്‍ തന്നെ അമ്മയെ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. അമ്മ വന്ന് നോക്കുമ്പോള്‍ 9കാരിക്ക് ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ 13കാരന്‍ വീണ്ടും കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.അതിനിടെ സംഭവം അറിഞ്ഞ് എഴുന്നേറ്റ 17 ഉം 18 ഉം വയസുള്ള മറ്റു രണ്ടു സഹോദരിമാരുടെ കൂടി സഹായത്തോടെ എല്ലാവരും ചേര്‍ന്ന് കിടക്ക കിടന്ന സ്ഥലംമാറ്റി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കുടുംബം മകള്‍ മരിച്ചതായി പൊലീസിനെ വിവരം അറിയിച്ചത്. വീടിന്റെ പരിസരത്ത് 9കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായാണ്് പൊലീസിന് ലഭിച്ച ആദ്യം വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത് എന്ന് എസ്പി വിവേക് സിങ് അറിയിച്ചു.
വിഷാംശമുള്ള വണ്ട് കടിച്ചതിനെ തുടര്‍ന്നാണ് 9കാരി മരിച്ചതെന്നാണ് കുടുംബം ആദ്യം പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവ ദിവസം വീട്ടില്‍ പുറത്തുനിന്നുള്ള ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണമില്ലാത്തതുമാണ് കേസില്‍ നിര്‍ണായകമായതെന്നും പൊലീസ് പറയുന്നു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്. മൊഴിയിലുള്ള വൈരുദ്ധ്യത്തില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതെന്നും എസ്പി അറിയിച്ചു.