കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്. ഇതു സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി.പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. യാത്രാതിരക്ക് പരിഗണിച്ചാണ് ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.
ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആദ്യം ജൂലൈ രണ്ടുമുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ ട്രെയിൻ ഒക്ടോബർ 31 വരെയും സർവീസ് നടത്തും. വണ്ടി കാസർകോടേക്ക് നീട്ടണം, സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണം എന്നീ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.