തിരുവന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇ സഞ്ജീവനിലൂടെ ഉപയോഗപ്പെടുത്താം. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. മറ്റ് അസുഖങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടേഷന് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാം. https://esanjeevani.mohfw.gov.in എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.