അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നു. ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്തുകയാണ്. പരമാവധി ആഴത്തില്‍ തിരച്ചില്‍ നടത്താനാണ് ശ്രമം. സുരക്ഷയൊരുക്കി നാവികസേനയും മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും പുഴയിലുണ്ട്.
രാവിലെ രണ്ടുതവണ മഴ പെയ്തത് ഒഴിച്ചാൽ കാലാവസ്ഥ അനുകൂലമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഒഴുക്കും ജലനിരപ്പും കുറവാണ്. ഈ സാഹചര്യത്തിലാണ് തിരച്ചിൽ വീണ്ടും തുടരാൻ തീരുമാനിച്ചത്. തിരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.തിരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം. എന്തു സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷ്റഫ് പറഞ്ഞു.
ഈശ്വര്‍ മല്‍പെ പുഴയില്‍ ഇറങ്ങി നടത്തുന്ന തിരച്ചിലില്‍ ഇതുവരെ യാതൊരു അനുകൂല ഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും എംകെഎം അഷ്റഫ് ആവശ്യപ്പെട്ടു.
അര്‍ജുനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍; ‘ദൗത്യം അനിശ്ചിതത്വത്തില്‍, പ്ലാന്‍ ബി ആലോചിക്കണം’
