‘പുലര്‍ച്ചെ 19-ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടു’; എന്താണ് കാര്യമെന്ന് മനസ്സിലായി, സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുഹമ്മദ് ഷമി. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുകയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ മണ്ണില്‍ തോല്‍പ്പിക്കുകയും ചെയ്ത ടീമില്‍ ഷമി നിര്‍ണായക സാന്നിധ്യമായിരുന്നു. ഏകദിന ലോകകപ്പിന്റെ അവസാന മൂന്ന് പതിപ്പുകളില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരിലൊരാളായിരുന്നു ഷമി. ഏറ്റവും വേഗത്തില്‍ 100 ഏകദിന വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരം, ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ നാല് വിക്കറ്റ് നേട്ടം കൊയ്ത താരം.

എന്നാല്‍, ഒരു ഘട്ടത്തില്‍ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടികളും ആരോപണങ്ങളും നേരിടേണ്ടിയും വന്നു. നിരന്തര പരിക്കുകള്‍ക്ക് പുറമെ ഭാര്യ ഹസിന്‍ ജഹാന്റെ ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെയാണ് താരത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍.പാകിസ്ഥാനുമായുള്ള ഒത്തുകളി ആരോപണങ്ങള്‍ ഉയരുകയും അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തത് ഷമിയെ തളര്‍ത്തിയെന്നും ഈ സമയം ഷമി തനിക്കൊപ്പമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. എന്നാല്‍ എല്ലാം സഹിക്കാമെന്നും എന്നാല്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന ആരോപണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണെന്നും ഷമി പറഞ്ഞതായി ഉമേഷ് കുമാര്‍ വെളിപ്പെടുത്തി.

ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടടുത്ത് താന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഷമി ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ടു, ഞങ്ങള്‍ 19ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്താണ് അന്ന് സംഭവിച്ചതെന്ന് മനസ്സിലായി. ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, ഒത്തുകളി അന്വേഷിക്കുന്ന കമ്മിറ്റിയില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് അവന്റെ ഫോണില്‍ സന്ദേശം ലഭിച്ചു. ഒരു ലോകകപ്പ് നേടിയാല്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ സന്തോഷമായിരുന്നു അന്ന് ഷമിക്കെന്നും സുഹൃത്ത് പറഞ്ഞു.

Leave a Reply