ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആദായനികുതി ഇളവ് പരിധി(സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍) 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്നും നികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.പുതിയ നികുതി സ്‌കീം അനുസരിച്ച് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെ വ്യക്തിഗത വരുമാനം നേടുന്നവര്‍ക്ക് ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു.
ഈ മാറ്റങ്ങളുടെ ഫലമായി, ഒരു ജീവനക്കാരന് 17,500 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നും ധനമന്ത്രി അറിയിച്ചു. പരിഷ്‌കാരങ്ങളുടെ ഫലമായി പ്രതിവര്‍ഷം ഏകദേശം 7,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.