മഴ മുന്നറിയിപ്പ് രണ്ട് ജില്ലകളിൽ മാത്രം; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത ഇല്ല. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതിനിടെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 2.9 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.കൂടാതെ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 1.8 മുതല്‍ 2.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങള്‍ക്കും ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാനും നിര്‍ദേശമുണ്ട്.

ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍ , തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ ഭാഗങ്ങളില്‍ അടുത്ത 5 ദിവസത്തേക്ക് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശിച്ചു.

Leave a Reply