മലപ്പുറം: വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ഇഴഞ്ഞുകയറി കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ബൈപ്പാസിലെ വൈദ്യുതി പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലായിരുന്നു പെരുമ്പാമ്പ്. അവശനിലയിലായിരുന്ന പാമ്പിനെ കണ്ട് നാട്ടുകാർ വിവരം കെഎസ്ഇബി ഓഫീസിൽ അറിയിച്ചു.ഉടൻ തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് പോസ്റ്റിന് മുകളിൽ കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റുമായി ഉദ്യോഗസ്ഥർ എത്തി. ഇതിൽ കയറിയാണ് അനിമൽ റസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ വൈദ്യുതി പോസ്റ്റിൽ നിന്നും എടുത്തത്. അവശനിലയിലായ പാമ്പിനെ പിന്നീട് മൃഗാശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.