പ്രാര്‍ഥനാ മുറി വിവാദം: ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍, വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്ലെന്ന് പ്രിന്‍സിപ്പല്‍

0

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെവിന്‍ കെ കുര്യാക്കോസ് പറഞ്ഞു.

കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട് രീതികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണെന്നും കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെവിന്‍ കെ കുര്യാക്കോസ് വ്യക്തമാക്കി.കോളജിന് 20 മീറ്റര്‍ ദൂരത്തില്‍ മുസ്ലീം പള്ളിയുണ്ട്. അവിടേയ്ക്ക് നിസ്‌കാരത്തിനായി പോകുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല. മാത്രമല്ല അതിനായി ഒരു മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply