കോഴിക്കോട്: കനത്ത മഴ പെയ്തിട്ടും ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലില്‍ കെട്ടിവച്ചതില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധം. കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളം കയറുകയും മരവും പോസ്റ്റും വീണു ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവധി പ്രഖ്യാപിക്കാന്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തയാറായില്ല. ഒടുവില്‍ ഡിപിഐ ഇന്നലെ രാത്രി അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചു സ്‌കൂളുകള്‍ക്കു അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നാണു കലക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് ഡിപിഐ യോഗത്തിനു ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയാണുണ്ടായത്.
അങ്ങേയറ്റം നിരുത്തരവാദിത്തപരമായ തീരുമാനമാണു ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം. ബുധനാഴ്ച സ്‌കൂളുകള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ചയാണു ജില്ലയില്‍ കനത്ത മഴ പെയ്തത്. നാദാപുരത്തു ചില സ്‌കൂളുകളില്‍ ഇന്നലെ പ്രധാന അധ്യാപകര്‍ അവധി പ്രഖ്യാപിച്ചു. ചില സ്‌കൂളുകള്‍ ഉച്ചയ്ക്കു വിട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ അവധി അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ ആ ചുമതല പ്രധാന അധ്യാപകര്‍ക്ക് കൈമാറി കലക്ടര്‍ കയ്യൊഴിഞ്ഞു. പ്രധാന അധ്യാപകര്‍ക്കു തീരുമാനിക്കാം എന്ന നിര്‍ദേശം വന്നതുപോലും രാത്രി ഒന്‍പതു മണിയോടെയാണ്. ഇതോടെയാണു ഡിപിഐ അടിയന്തരമായി യോഗം ചേര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ അവധി പ്രഖ്യാപിച്ചത്.രക്ഷിതാക്കള്‍ പ്രതിഷേധവുമായി കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകളിട്ടു. വിവിധ അധ്യാപക സംഘടനകളും കലക്ടറുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ഇതോടൊപ്പം ട്രോളുകളുടെ പ്രളയമായിരുന്നു ഫെയ്‌സ്ബുക്ക് പേജില്‍.
കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്ന കാര്യം രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ശക്തമായ മഴയ്ക്കും ചുഴലികാറ്റിനും സാധ്യതയുള്ളതിനാല്‍ സ്വന്തം മക്കളുടെ പഠനം വേണോ ജീവന്‍ വേണോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ നല്‍കിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.’ എന്നായിരുന്നു ട്രോളുകളില്‍ ഒന്ന്.