23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നെന്ന് അമിത് ഷാ

0

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.ദുരന്ത പ്രതികരണ സേനാ സംഘത്തെ (എന്‍ഡിആര്‍എഫ്) മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23ന് ഒന്‍പതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എന്‍ഡിആര്‍എഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമായിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ക്കു മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്ന ലോകത്തെ നാലു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യെന്ന് അമിത് ഷാ പറഞ്ഞു. ഏഴു ദിവസം മുന്‍കൂട്ടി ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കാനാവും.

ദുരന്തത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാറപോലെ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Leave a Reply