ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല. പേരു പറഞ്ഞില്ല എന്നുവെച്ച് സംസ്ഥാനങ്ങളെ തഴഞ്ഞൂ എന്നല്ല അര്‍ത്ഥമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.
നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തി. ഇടപെട്ട സഭാധ്യക്ഷന്‍, ധനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ ബജറ്റിനെച്ചൊല്ലി ബഹളമുണ്ടാക്കുന്നു. ജനാധിപത്യത്തെ മാനിച്ച് താന്‍ പറയുന്നതു കേള്‍ക്കാനുള്ള സൗമനസ്യം പ്രതിപക്ഷം കാട്ടണമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
ബജറ്റില്‍ ഞാന്‍ പല സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞിട്ടില്ലെന്നും രണ്ട് സംസ്ഥാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. രാജ്യത്ത് വളരെക്കാലം കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്നിട്ടുണ്ട്. അവര്‍ നിരവധി ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
വധവന്‍ തുറമുഖത്തിനായി കേന്ദ്രമന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. എന്നാല്‍ ബജറ്റില്‍ മഹാരാഷ്ട്രയുടെ പേര് എടുത്തു പറഞ്ഞില്ല. മഹാരാഷ്ട്ര അവഗണിക്കപ്പെട്ടു എന്നാണോ ഇതിനര്‍ത്ഥം? പ്രസംഗത്തില്‍ ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേരുണ്ടെങ്കില്‍, ഇന്ത്യാ സര്‍ക്കാരിന്റെ പദ്ധതികള്‍ മറ്റിടങ്ങളിലേക്ക് പോകില്ല എന്നാണോ? സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമമാണിത്. നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.