നീറ്റ് യുജി: പരീക്ഷാ കേന്ദ്രം തിരിച്ച് ഫലം പ്രസിദ്ധീകരിച്ചു, നടപടി സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

0

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം പരീക്ഷേ കേന്ദ്രം തിരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങള്‍ മാസ്‌ക് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചത്. എന്‍ടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി ന്ല്‍കുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി 22ന് പരിഗണിക്കും.

പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി് പറഞ്ഞു.

മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂവെന്ന് കോടതി വ്യക്തമാക്കി.

ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണം തുടരുകയാണ്. സിബിഐ അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതു പുറത്തുവിടാനാവില്ലെന്ന് കോടതി പറഞ്ഞു.

നീറ്റില്‍ ക്രമക്കേടു നടന്നെന്നും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

Leave a Reply