”എന്റെ രണ്ടു മക്കള്‍, എവിടെപ്പോയാണ് ഞാന്‍ അവരെ തിരയുക?”; ഹൃദയഭേദകം ദുരന്തഭൂമി

0

മേപ്പാടി (വയനാട്): ” എന്റെ രണ്ടു മക്കള്‍, എവിടെപ്പോയാണ് ഞാന്‍ അവരെ തിരയുക?” അലമുറയിട്ടു കരഞ്ഞുകൊണ്ട് ആ അമ്മ ചോദിച്ചു. മക്കളെക്കുറിച്ചു വിവരമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ അന്വേഷിച്ചെത്തിയതാണവര്‍. മേപ്പാടിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ തറയില്‍ നിരത്തിയിട്ടിരിക്കുകയാണ്, വെള്ളപുതച്ച ശരീരങ്ങള്‍. അവയിലൊന്നും മക്കളുടെ മുഖമില്ലെന്നറിഞ്ഞ് അവരുടെ മുഖത്ത് ചെറിയൊരു ആശ്വാസം.

നെഞ്ചു പിളര്‍ക്കുന്ന രംഗങ്ങളാണ് ഈ ചെറിയ ആശുപത്രിയില്‍ രാവിലെ മുതല്‍. ദുരന്തത്തില്‍പ്പെട്ട് ജീവനറ്റവരെയും ജീവന്‍ ബാക്കിയുള്ളവരെയും എത്തിച്ചത് ഇവിടേക്കാണ്. ഉറ്റവരെത്തിരഞ്ഞ് ബന്ധുക്കള്‍ ഓടിയെത്തിയതും ഇവിടേക്കു തന്നെ. നിരത്തിയിട്ടിരിക്കുന്ന ശരീരങ്ങള്‍ക്കിടയില്‍ തിരയുന്ന അവരില്‍ ചിലരുടെ കണ്ണില്‍ നേരിയതെങ്കിലും ആശ്വാസത്തിന്റെ തിളക്കം, ‘ ഇല്ല, പ്രിയപ്പെട്ടവര്‍ ഈ കൂട്ടത്തിലില്ല.’ മറ്റു ചിലരാവട്ടെ, വലിയ നിലവിളികളില്‍ ആ തിരച്ചില്‍ അവസാനിപ്പിക്കുന്നു. മുന്നില്‍ അനക്കമറ്റു കിടക്കുന്നത് അത്രമേല്‍ പ്രിയമുള്ള ഒരാളാണല്ലോ..

Leave a Reply