കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.’ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്.