കൊച്ചി: മാസപ്പടി കേസിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ല. ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതുമെന്നും മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മറുപടി നൽകി. സിഎആർഎല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ല. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടാണ് സിഎംആർല്ലും എക്സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നൽകി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി അടുത്തിടെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. സിഎംആർഎല്ലിന് വഴിവിട്ട സഹായങ്ങൾ നൽകി വൻ തുക മുഖ്യമന്ത്രി കൈപ്പറ്റി എന്നാണ് മാത്യു കുഴൽനാടന്റെ വാദം. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.