തീര്‍ഥയാത്രക്കിടെ വഴി തെറ്റി; 250 കിലോമീറ്റര്‍ ദൂരം തനിയെ നടന്ന് നായ തിരിച്ചെത്തി; സ്വീകരണമൊരുക്കി നാട്ടുകാര്‍

0

ബംഗളൂരു; മനുഷ്യനോട് ഏറ്റവും നന്ദി കാണിക്കുന്ന വളര്‍ത്തുമൃഗമാണ് നായ. അതുകൊണ്ടുതന്നെ നായയെ വളര്‍ത്തുന്നവര്‍ക്ക് അവ ഏറെ പ്രിയപ്പെട്ടവയുമാണ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാണാതായ നായ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ അവന് നല്‍കിയ സ്വീകരണമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ യമഗര്‍ണിയിലാണ് സംഭവം.

പ്രിയപ്പെട്ട നായ തിരിച്ചെത്തിയത് വലിയ അത്ഭുതത്തോടെയാണ് ഗ്രാമവാസികളും കരുതുന്നത്. ദക്ഷിണ മഹാരാഷ്ട്രയിലെ തീര്‍ഥാടന നഗരമായ പന്ദര്‍പൂരില്‍ എത്തിയപ്പോഴാണ് മഹാരാജ് എന്ന വിളിപ്പേരുള്ള നായയെ ഉടമയ്ക്ക് നഷ്ടമായത്. പക്ഷെ, അതിശയമെന്ന് പറയട്ടെ 250 കിലോമീറ്ററോളം ദൂരം തനിയെ നടന്ന് നായ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തതായി ഗ്രാമവാസികള്‍ പറയുന്നു.

ജൂണ്‍ അവസാനആഴ്ചയാണ് കമലേഷ് കുംഭര്‍ പന്ദര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ഥാടനം നടത്തിയത്. മഹാരാജ് എന്ന് വിളിപ്പേരുള്ള നായയും അദ്ദേഹത്തെ പിന്തുടര്‍ന്നു. എല്ലാവര്‍ഷവും താന്‍ അവിടേക്ക് തീര്‍ഥയാത്ര നടത്താറുണ്ടെന്നും ഇത്തവണ നായയും തന്നെ പിന്തുടര്‍ന്നതായി കമലേഷ് പറയുന്നു. ‘മഹാരാജ് എപ്പോഴും ഭജന കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള കാല്‍നടയാത്രയില്‍ അവന്‍ എന്നെ പിന്തുടര്‍ന്നിരുന്നു’ -കമലേഷ് പറഞ്ഞു.ആളുകള്‍ ഭജന്‍ പാടി പോകുമ്പോള്‍ നായ അവരെ പിന്തുടരുകായിയിരുന്നെന്ന് കമലേഷ് പറയുന്നു. വിഠോഭ ക്ഷേത്രദര്‍ശനത്തിന് പിന്നാലെ നായയെ കാണാതായെന്നും അന്വേഷിച്ചപ്പോള്‍ ഭജന്‍ സംഘത്തിനൊപ്പം പോയെന്നും അവിടെയുള്ളവര്‍ പറഞ്ഞു. താന്‍ അവിടെയെല്ലാം അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ജൂലൈ പതിനാലിന് താന്‍ നാട്ടിലേക്ക് മടങ്ങിയതായും കമലേഷ് പറഞ്ഞു.

പിറ്റേദിവസം വാതില്‍ തുറന്നപ്പോള്‍ ‘മഹാരാജ്’ വാലാട്ടി വീടിന് മുന്നില്‍ സന്തോഷത്തോടെ നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് കമലേഷ് പറഞ്ഞു. ‘250 കിലോമീറ്ററോ അതില്‍ കൂടുതലോ അകലെയാണെങ്കിലും നായക്ക് അതിന്റെ വഴി കണ്ടെത്താന്‍ കഴിയുന്നത് അത്ഭുതമാണെന്നും നായയെ തിരിച്ചെത്തിച്ചത് പാണ്ഡുരംഗ ഭഗവാന്റെ അനുഗ്രഹത്താലാണെന്ന് കരുതുന്നതായും’ കമലേഷ് പറഞ്ഞു.

Leave a Reply