മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന്റെ നായകനായത് താന്‍ ആസ്വദിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ്. വ്യത്യസ്തരായ ക്യാപ്റ്റന്‍മാരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനെയെന്നും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവ് പറഞ്ഞു. രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് ടി20യില്‍ സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിന്റെ നായകനായത്. പരമ്പരയില്‍ മൂന്ന് ടി20മത്സരങ്ങളാണ് ഉള്ളത്. ആദ്യകളി ശനിയാഴ്ചയാണ്.
‘ക്യാപ്റ്റനല്ലാതിരുന്നപ്പോഴും ഫീല്‍ഡില്‍ നേതൃത്വം കൊടുക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിച്ചിരുന്നു.വ്യത്യസ്ത ക്യാപ്റ്റന്മാരില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണ്’ -സൂര്യകുമാര്‍ യാദവ് പറഞ്ഞു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും കോച്ച് ഗൗതം ഗംഭീറിന്റെയും കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയകാലത്തേക്ക് ചുവടുവയ്ക്കുകയാണ്.
2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഗൗതം ഗംഭീറിനൊപ്പം സൂര്യകുമാര്‍ യാദവ് കളിച്ചിരുന്നു. അന്നുമുതല്‍ ഗംഭീറുമായി നല്ല ബന്ധം തുടരുകയാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. ‘2014ല്‍ ഞാന്‍ അദ്ദേഹത്തിന് കീഴില്‍ കളിച്ചിരുന്നു. അവിടെ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. പരിശീന സെഷനുകളില്‍ എത്തുമ്പോള്‍ എന്റെ മാനസിക അവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം പരിശീലകനായി പ്രവര്‍ത്തിക്കുകയെങ്ങനെയെന്ന് എനിക്കും മനസിലാക്കാന്‍ കഴിയും’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.