ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കേദാര്‍നാഥ് പാതയിലെ രുദ്രപ്രയാഗിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി കിഷോര്‍ അരുണ്‍ പരാട്ടെ (31) ജല്‍ന സ്വദേശി സുനില്‍ മഹാദേവ് കാലെ (24) രുദ്രപ്രയാഗ് സ്വദേശി അനുരാഗ് ബിഷ്ത് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 7.30 നാണ് ചിര്‍ബാസ മേഖലയ്ക്കു സമീപമുള്ള പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസ പ്രദേശത്തിന് സമീപമാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകുകയായിരുന്നുവെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ നന്ദന്‍ സിംഗ് രാജ്വാര്‍ പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ദുരന്തത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നതായും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.