കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് തിരിക്കും. ഒരു എംഐ 17, എഎൽഎച്ച് ഹെലിക്കോപ്റ്ററുകൾ രാവിലെ വയനാട്ടിലെത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാല്‍ അപകടം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.