പാരീസ്: പാരീസ് ഒളിംപിക്സില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ മനു ഭാകര്‍. ഭഗവദ്ഗീതയാണ് തന്റെ വിജയത്തിന് പ്രചോദനമായത് എന്ന് മനു ഭാകര്‍ പറഞ്ഞു. മെഡല്‍ നേട്ടത്തിനു പിന്നാലെ സംസാരിക്കവെയാണ് ഭഗവദ്ഗീതയെ കുറിച്ച് മനു ഭാകര്‍ വാചാലയായത്. ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മത്സരത്തിന്റെ അവസാന ഘട്ടം വരെ ഭഗവദ് ഗീതയിലെ വാക്കുകള്‍ തന്നോട് ചേര്‍ത്തു നിര്‍ത്തിയെന്നും മനു ഭാകര്‍ പറഞ്ഞു.’എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇന്ത്യയ്ക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലാണിത്. ഞാന്‍ അതിന് ഒരു നിമിത്തമായി എത്തുമാത്രം. കൂടുതല്‍ മെഡലുകള്‍ ഇന്ത്യ അര്‍ഹിക്കുന്നു. മുഴുവന്‍ ടീമും വളരെ കഠിനാധ്വാനം ചെയ്തു. വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം ഈ വികാരം ശരിക്കും അതിശയകരമാണ്. ഞാന്‍ നന്നായി അധ്വാനിച്ചു എന്ന്് എനിക്ക് തോന്നുന്നു. ഞാന്‍ വളരെയധികം പരിശ്രമിച്ചു, അവസാനത്തേത് വരെ, എനിക്ക് ഉണ്ടായിരുന്ന എല്ലാ ഊര്‍ജ്ജവും ഉപയോഗിച്ച് ഞാന്‍ പോരാടുകയായിരുന്നു. ഇതൊരു വെങ്കലമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അടുത്ത തവണ ഇന്ത്യയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട നേട്ടം കൈവരിക്കണമെന്നതാണ് എന്റെ ലക്ഷ്യം.’- മനു ഭാകര്‍ പറഞ്ഞു
‘സത്യം പറഞ്ഞാല്‍, ഞാന്‍ ഒരുപാട് ഗീത വായിച്ചിട്ടുണ്ട്. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതാണ്. വിധി എന്തായാലും നിങ്ങള്‍ക്ക് ഫലം നിയന്ത്രിക്കാന്‍ കഴിയില്ല. അത് കൊണ്ട് ഗീതയില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞതാണ് ഞാന്‍ മനസില്‍ കൊണ്ടുനടന്നത്. കര്‍മ്മം ചെയ്യുക, കര്‍മ്മഫലത്തെ കുറിച്ച് ആലോചിക്കരുത്. ഇതാണ് എന്റെ മനസില്‍ ഉണ്ടായിരുന്നത്.’- മനു ഭാകര്‍ വ്യക്തമാക്കി.
