ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് വിവേചനപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇടത്തരക്കാരുടേയും സാധാരണക്കാരുടേയും ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യക്ക് വളര്‍ച്ചയുടെ പാത സമ്മാനിച്ച ബജറ്റായിരുന്നു 1991ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ചതെന്നും മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. വിവേചനപരമായ ബജറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും.
1991 ലെ മന്‍മോഹന്‍ സിങിന്റെ ബജറ്റിനെ പുകഴ്ത്തിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചത്. 1991 ജൂലൈ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നിമിഷം അടയാളപ്പെടുത്തുകയായിരുന്നു. പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് ധനമന്ത്രി മന്‍മോഹന്‍ സിങ് അവതരിപ്പിച്ച അന്നത്തെ ബജറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടതെന്നും ഖാര്‍ഗെ പറഞ്ഞു. അന്ന് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഭിമാനിക്കുന്നുവെന്നും മല്ലികാര്‍ജുര്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെയുടെയും പ്രതികരണം.പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് പ്രകടിപ്പിച്ചതെന്നാണ് ഇന്ത്യാ സംഖ്യം ഉയര്‍ത്തുന്ന വിമര്‍ശനം. ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്നലെ ഇന്ത്യാ ബ്ലോക്കിന്റെ നേതാക്കള്‍ ഖാര്‍ഗെയുടെ വസതയില്‍ യോഗം ചേര്‍ന്നിരുന്നു. ബജറ്റിനെതിരെയുള്ള പ്രതിഷേധത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതിനാണ് യോഗം കൂടിയത്.
പൊള്ളയായ വാഗ്ദാനങ്ങള്‍ ആണ് ബജറ്റിലേതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രതികരിച്ചത്. സെന്‍സസ് നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും 2021 ല്‍ നടക്കേണ്ട സെന്‍സസിനെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് സെന്‍സസ് നടത്തുന്നതില്‍ ഒരു സര്‍ക്കാര്‍ പരാജയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.