ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായിഓടയില്‍ ഒളിച്ചത്. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതി സാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്‌നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.