‘ആ തെറ്റു മനസ്സിലാക്കാന്‍ അഞ്ചു പതിറ്റാണ്ടെടുത്തു’; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആര്‍എസ്എസ് വിലക്കു നീക്കിയതില്‍ മധ്യപ്രദേശ് ഹൈക്കോടതി

0

ഇന്‍ഡോര്‍: രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) പോലുള്ള, രാജ്യാന്തര തലത്തില്‍ ആദരിക്കപ്പെടുന്ന ഒരു സംഘടനയെ നിരോധിത സംഘടനകളുടെ പട്ടികയില്‍ പെടുത്തിയ തെറ്റു മനസ്സിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അഞ്ചു പതിറ്റാണ്ടു വേണ്ടി വന്നെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ആര്‍എസ്എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടായ വിലക്ക് എടുത്തു കളഞ്ഞ കേന്ദ്ര നടപടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പരാമര്‍ശം.

വിരമിച്ച കേന്ദ്ര ജീവനക്കാരനായ പുരുഷോത്തം ഗുപ്ത നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ സുശ്രുത അരവിന്ദ ധര്‍മാധികാരിയുടെയും ഗജേന്ദ്ര സിങ്ങിന്റെയും പരാമര്‍ശം. കേന്ദ്ര ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന സര്‍വീസ് ചട്ടങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് ഗുപ്ത ഹര്‍ജി ഫയല്‍ ചെയ്തത്.”സര്‍ക്കാര്‍ തെറ്റു മനസ്സിലാക്കാന്‍ അഞ്ചു പതിറ്റാണ്ടെടുത്തു. ആര്‍എസ്എസിനെപ്പോലെ രാജ്യാന്തര തലത്തില്‍ ആദരിക്കപ്പെടുന്ന ഒരു സംഘടനയെ നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ പെടുത്തിയ തെറ്റ് സര്‍ക്കാരിനു മനസ്സിലായി. പട്ടികയില്‍നിന്ന് ആര്‍എസ്എസിനെ നീക്കിയ നടപടി ഒഴിവാക്കാന്‍ പറ്റാത്തതു തന്നെയാണ്”- കോടതി നിരീക്ഷിച്ചു.

രാജ്യത്തെ പല വിധത്തില്‍ സേവിക്കാനുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അഭിലാഷം ഈ വിലക്കു മൂലം അഞ്ചു പതിറ്റാണ്ടായി മങ്ങലേറ്റിയിരിക്കുകയായിരുന്നു. ഈ കോടതി നടപടികളിലൂടെ അതു തിരുത്താനായി- ബെഞ്ച് അഭിപ്രായപ്പെട്ടു.

ആര്‍എസ്എസില്‍ ചേരുന്നതിന് ജീവനക്കാര്‍ക്കുള്ള വിലക്കിന് വിശദീകരണം തേടി പല വട്ടം നോട്ടീസ് നല്‍കിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പക്ഷേ വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടാന്‍ വസ്തുതകളൊന്നും ഇല്ലാതിരുന്നിരിക്കാമെന്ന് കോടതി പറഞ്ഞു.

ഏതെങ്കിലും സംഘടനയെ ജീവനക്കാര്‍ക്കു വിലക്കുള്ള പ്രസ്ഥാനമായി വിജ്ഞാപനം ചെയ്യണമെങ്കില്‍ വ്യക്തമായ കാരണം കാണിക്കണം. ഭരണത്തില്‍ ഇരിക്കുന്നവരുടെ വ്യക്തിഗതമായ അഭിപ്രായങ്ങളാവരുത് അതിനു കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply