കൊല്‍ക്കത്തയിലേക്കല്ല, രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായേക്കും

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് വീണ്ടും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാന്‍ ടീമിന്റെ കോച്ചും ക്രിക്കറ്റ് ഡയറക്ടറും. സഞ്ജു സാംസണാണ് രാജസ്ഥാൻ ടീം നായകൻ.ഇന്ത്യന്‍ ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഒഴിവു വന്ന ടീം മെന്റര്‍ സ്ഥാനത്തേക്കോ, പരിശീലക സ്ഥാനത്തേക്കോ രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന രാജസ്ഥാന്‍ ടീമിന്റെ ചുമതലയേറ്റെടുക്കാനാണ് ദ്രാവിഡ് താല്‍പ്പര്യപ്പെടുന്നതെന്നാണ് സൂചന.

ഷെയിന്‍ വോണിന് ശേഷം രാജസ്ഥാന്‍ ടീമിന്റെ രണ്ടാമത്തെ ക്യാപ്റ്റനായിരുന്നു രാഹുല്‍ ദ്രാവിഡ്. 2012 ലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് 2014, 2015 സീസണുകളില്‍ രാജസ്ഥാന്‍ ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി ദ്രാവിഡിനെ നിയമിക്കുന്നത്.

2018 ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ വിജയിച്ചതിന് പിന്നാലെ രാഹുല്‍ദ്രാവിഡിനെ ബംഗലൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ബിസിസിഐ നിയമിച്ചു. ഇതിനുശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യപരിശീലകനാകുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്.

Leave a Reply