അനായാസം ഇന്ത്യന്‍ വനിതകള്‍; ജയം 10 വിക്കറ്റിന്, ഫൈനലുറപ്പിച്ചു

0

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ഒറ്റ വിക്കറ്റും നഷ്ടമാകാതെ 83 റണ്‍സെത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്.

ഇന്ത്യക്കായി സ്മൃതി മന്ധാന അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഷെഫാലി വര്‍മ 26 റണ്‍സുമായും പുറത്താകാതെ നിന്നു.ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി രേണുക സിങും രാധാ യാദവും ബംഗ്ലാ വനിതകളെ തകര്‍ത്തു. പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രേണുക 4 ഓവറില്‍ 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രാധ 14 റണ്‍സും.

ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പിടിച്ചു നിന്നത്. താരം 32 റണ്‍സെടുത്തു. 19 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഷോര്‍ന അക്തറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

Leave a Reply