പാരിസ്: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ മുന്നിലുള്ള വനിതാ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാകര്‍ ഫൈനലില്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരം ഫൈനലുറപ്പിച്ചത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ആദ്യമായി ഒളിംപിക്‌സ് ഫൈനലിലെത്തുന്ന താരമെന്ന നേട്ടവും മനു സ്വന്തമാക്കി.
യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്‌സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറി. നാളെ വൈകീട്ട് 3.30നാണ് ഫൈനല്‍ പോരാട്ടം.അതേസമയം ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സംഗ്‌വാന്‍ ഫൈനല്‍ കാണാതെ പുറത്തായി. താരം 15ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കിന്നു നിരാശയുടെ ദിനമായിരുന്നു. ഇരു പോരിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായി. പിന്നാലെയാണ് മനു ഭാകര്‍ ഫൈനലുറപ്പിച്ച് ഇന്ത്യന്‍ പ്രതീക്ഷകള്‍ കെടാതെ നിര്‍ത്തിയത്.