പാരീസ്: ഒളിംപിക്‌സിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ആര്‍ച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്ന് തുടക്കം. പുരുഷ- വനിത വിഭാഗങ്ങളില്‍ 3 പേര്‍ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്ക് റാങ്കിങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
നാലാമത്തെ ഒളിംപിക്‌സിനിറങ്ങുന്ന ദീപിക കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ടീമില്‍, അരങ്ങേറ്റ ഒളിംപിക്‌സിനെത്തുന്ന അങ്കിത ഭക്ത്, ഭജന്‍ കൗര്‍, എന്നിവരുമുണ്ട്. പുരുഷന്‍മാരില്‍ തരുണ്‍ ദീപ് റായിയുടേയും നാലാം ഒളിംപിക്‌സാണിത്. പ്രവീണ്‍ യാദവ്, ധീരജ് ബൊമ്മദേവര എന്നിവരും പുരുഷവിഭാഗത്തില്‍ മത്സരിക്കും. റീകര്‍വ് വിഭാഗത്തില്‍ മത്സരം നടക്കുന്ന ഒളിംപിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് മുന്നേറാനായിട്ടില്ല.പരിശീലകന്റെ അഭാവം മത്സരവേദിയില്‍ ഇന്ന് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിദേശ പരിശീലകന്‍ ബേക് വുങ് കിയുടെ അക്രഡിറ്റേഷന്‍ ശരിയാകാത്തതാണ് കാരണം. ദക്ഷിണ കൊറിയക്കാരനായ ബേക് വൂങ് ടീമിനൊപ്പം ഫ്രാന്‍സിലെത്തിയെങ്കിലും അക്രഡിറ്റേഷന്‍ ഇല്ലാത്തതിനാല്‍ ഒളിംപിക് വേദികളില്‍ ടീമിനെ അനുഗമിക്കാനാവില്ല. ആര്‍ച്ചറി അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം മൂലമാണ് പരിശീലകന് അക്രഡിറ്റേഷന്‍ കിട്ടാതെ പോയത്.