സെന്‍ നദിയിലൂടെ ഒഴുകിയെത്തി ഇന്ത്യ; പാരിസില്‍ 78 അംഗ സംഘത്തെ നയിച്ച് പി വി സിന്ധുവും ശരത് കമലും

0

പാരിസ്: ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ വിസ്മയക്കാഴ്ചകളൊരുക്കിയാണ് പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ലോകത്തിനാകെ ദൃശ്യവിസ്മയക്കാഴ്ചകളാണ് നാല് മണിക്കൂര്‍ സമയം പാരിസ് സമ്മാനിച്ചത്. സെന്‍ നദിയിലൂടെ ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ബോട്ട് ഒഴുകി എത്തി. 84ാ മതായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വരവ്. പി വി സിന്ധുവും ശരത് കമലും ഇന്ത്യന്‍ പതായകയേന്തി 78 അംഗ ടീമിനെ നയിച്ചു. ഇന്ത്യക്ക് പിന്നില്‍ ഇന്തോനീഷ്യന്‍ താരങ്ങളുമെത്തി.ത്രിവര്‍ണ പതാകയുടെ നിറമുള്ള ബോര്‍ഡറുള്ള സാരിയാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ധരിച്ചത്. പുരുഷ താരങ്ങള്‍ കുര്‍ത്തയും ധരിച്ചു. ഫാഷന്‍ ഡിസൈനര്‍ തരുണ്‍ തഹ്ലിയാനി രൂപകല്‍പന ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. ശനിയാഴ്ച വൈകിട്ട് ഇന്ത്യയ്ക്ക് ഹോക്കിയിലും ബാഡ്മിന്റനിലും മത്സരങ്ങളുണ്ട്. സെന്‍ നദിയിലൂടെ ആദ്യമെത്തിയത് ഗ്രീക്ക് സംഘത്തിന്റെ ബോട്ടാണ്. തൊട്ടുപിന്നാലെ അഭയാര്‍ഥി സംഘത്തിന്റെ ബോട്ടാണ്.അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനം ഒളിംപിക്‌സ് ചടങ്ങുകളിലെ ശ്രദ്ധേയമായ പ്രകടനമായിരുന്നു. ഫ്രാന്‍സിലെ പ്രശസ്തമായ ദ് കാന്‍ കാന്‍ കബരെറ്റ് സംഗീതം അവതരിപ്പ് 80 ഓളം കലാകാരന്‍മാരാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെന്‍ നദിയുടെ കരയില്‍ കാത്തു നിന്നത്.ഐഫല്‍ ടവറിന് മുന്നില്‍ സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡനില്‍ അവസാനിച്ച മാര്‍ച്ച് പാസ്റ്റില്‍ ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാന്‍സാണ്. സെന്‍ നദിയിലൂടെ യന്ത്രക്കുതിരയില്‍ കുതിച്ചുപാഞ്ഞ ഒരു ജെന്‍ഡാര്‍മെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഒളിംപിക്‌സ് പ്രഖ്യാപനം നടത്തി.

Leave a Reply