ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുടെ സിഇഒ അല്ലെന്ന് കമ്പനി അറിയിച്ചു. സരോഗി നിലവില്‍ ഒമാനിലെ വള്‍ക്കന്‍ ഗ്രീന്‍ സ്റ്റിലീന്റെ സിഇഒ ആണ്. ആ കമ്പനിയുമായി ജിന്‍ഡാലിന് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
2023 മാര്‍ച്ച് 28ന് ദിനേശ് കുമാര്‍ സരോഗി സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചു. അതിന് പിന്നാലെ തങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും കമ്പനി അറിയിച്ചു. ഇത്തരത്തില്‍ പെരുമാറുന്ന ഒരാളോടും സഹിഷ്ണുത പുലര്‍ത്തുന്ന നിലപാട് കമ്പനിക്കില്ലെന്നും വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും യുവതിയെ കമ്പനി എംഡി നവീന്‍ ജിന്‍ഡാല്‍ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ യുവതിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് 28കാരിക്ക് ദുരനുഭവം ഉണ്ടായത്. . സംഭവത്തെക്കുറിച്ച് യുവതി സാമൂഹികമാധ്യമമായ എക്സിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി പറഞ്ഞു. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന ദിനേശ് സരോഗി എന്ന 65-കാരനാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതിയുടെ ആരോപണം. ഫോണില്‍ അശ്ലീലവീഡിയോ കാണിച്ചതായും ശരീരത്തില്‍ കയറിപിടിച്ചതായും യുവതി ആരോപിച്ചു.അബുദാബി വഴി ബോസ്റ്റണിലേക്ക് പോവുകയായിരുന്നു യുവതി.
കൊല്‍ക്കത്തയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനം യാത്ര പുറപ്പെട്ടത്തിന് പിന്നാലെ തൊട്ടടുത്ത സീറ്റിലിരുന്ന ദിനേശ് സംസാരം തുടങ്ങി. ജിന്‍ഡാല്‍ ഗ്രൂപ്പിലെ സീനിയര്‍ എക്സിക്യുട്ടീവ് ആണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ഒമാനിലാണ് താമസമെന്നും പതിവായി വിമാനയാത്ര ചെയ്യാറുണ്ടെന്നും പറഞ്ഞു. രാജസ്ഥാനിലെ ചുരുവാണ് സ്വദേശമെന്നും രണ്ടുമക്കളുണ്ടെന്നും ഇവര്‍ യുഎസിലാണെന്നും വിശദീകരിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും ഇയാള്‍ പറഞ്ഞു.ഇതിനുപിന്നാലെയാണ് തന്റെ ഹോബി എന്താണെന്ന് ഇയാള്‍ തിരക്കിയത്. വായനയും എഴുത്തുമാണെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ സിനിമ കാണാന്‍ ഇഷ്ടമാണോയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ 65-കാരന്‍ ഇയര്‍ഫോണ്‍ പുറത്തെടുത്ത് തനിക്ക് നേരേ നല്‍കി. ചില ക്ലിപ്പുകള്‍ താന്‍ കാണിച്ചുനല്‍കാമെന്നും പറഞ്ഞു. അതുവരെയും ഇയാളെക്കുറിച്ച് യാതൊരു സംശയവും തോന്നാത്തതിനാല്‍ താന്‍ ഇയര്‍ഫോണ്‍ ചെവിയില്‍വെച്ച് അയാളുടെ ഫോണില്‍നോക്കി. പക്ഷേ, തൊട്ടുപിന്നാലെ പ്രതി ഫോണില്‍ അശ്ലീലവീഡിയോകളാണ് കാണിച്ചതെന്നും താന്‍ നടുങ്ങിപ്പോയെന്നും യുവതി പറയുന്നു.
ഇതിനുശേഷം ഇയാള്‍ തന്നെ കയറിപ്പിടിച്ചു. തുടര്‍ന്ന് താന്‍ സീറ്റില്‍ നിന്ന് ശൗചാലയത്തിന്റെ ഭാഗത്തേക്ക് ഇറങ്ങിയോടി ക്യാബിന്‍ ക്രൂവിനെ വിവരം അറിയിച്ചു. അവര്‍ അവരുടെ സീറ്റ് നല്‍കി തന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. വിമാനജീവനക്കാരുടെ പെരുമാറ്റം നല്ല രീതിയിലായിരുന്നെന്നും യുവതി പറയുന്നു. താന്‍ സീറ്റില്‍നിന്ന് പോയതിന് ശേഷം പ്രതി തന്നെക്കുറിച്ച് കാബിന്‍ക്രൂവിനോട് തിരക്കിയിരുന്നു. എന്നാല്‍, അത് താങ്കളോട് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു എയര്‍ഹോസ്റ്റസ് അയാള്‍ക്ക് നല്‍കിയ മറുപടി. ഇതിനിടെ കാബിന്‍ക്രൂ വിവരം അബുദാബി പൊലീസില്‍ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ രണ്ട് പൊലീസുകാരും റണ്‍വേയിലെത്തി. പക്ഷേ, ബോസ്റ്റണിലേക്കുള്ള കണക്ഷന്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ അബുദാബി പൊലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.