കണ്ണൂർ: ‘ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയിൽ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളൻമാരുടെ കഥകൾ കേൾക്കാറുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കൾ അധികമുണ്ടാകില്ല. സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്.
ചെറുകുന്ന പള്ളക്കരയിലെ എഡി എൽപി സ്കൂളിലാണ് മോഷണം നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60 മുട്ടയിൽ നിന്നും 40 മുട്ട, ഡയറിയിൽ സൂക്ഷിച്ച 1800 രൂപ, വിദ്യാർഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളൻ കൊണ്ടു പോയത്.സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18 ന് സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ജെ രേഖ ജെയ്സിയുടെ പരാതിയെത്തുടർന്ന് കണ്ണപുരം പൊലീസ് കേസെടുത്തു.