കനത്ത മഴ; പമ്പ, മണിമലയാറുകൾ കര കവിഞ്ഞു; അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം

0

ആലപ്പുഴ: ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം. പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇട റോഡുകളും വെള്ളത്തിൽ മുങ്ങുകയാണ്.

അപ്പർ കുട്ടനാട്ടിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തായങ്കരി – കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡിൽ മുട്ടാർ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അതിനാൽ തായങ്കരി – കൊടുപ്പുന്ന റോഡു വഴിയുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തിവെച്ചിരിക്കുകയാണ്.

എടത്വാ- ആലംതുരുത്തി റോഡിൽ ആനപ്രമ്പാൽ പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും ഇടവിട്ട് ചെയ്യുന്ന കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.

Leave a Reply