തൃശൂര്‍: തൃശൂര്‍ വെള്ളാങ്കല്ലില്‍ വീട്ടുവളപ്പിന് സമീപം കുറുനരിയെ പിടികൂടി കൂറ്റന്‍ പെരുമ്പാമ്പ്. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് വെള്ളാങ്കല്ലിലാണ് സംഭവം. കോഴിക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പില്‍ പുലര്‍ച്ചെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ നോക്കുന്നത്.
വീട്ടു വളപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്താണ് കുറുനരിയെ ചുറ്റിവരിഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഉടന്‍തന്നെ സര്‍പ്പ ആപ്പുവഴി വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സര്‍പ്പ റെസ്‌ക്യൂ സംഘത്തിലുള്ള വിബീഷും കൂട്ടരുമെത്തിയാണ് പാമ്പിനെ പിടികൂടിയത്.15 അടി നീളവും 35 കിലോ തൂക്കവും പെരുമ്പാമ്പിനുണ്ടെന്ന് റെസ്‌ക്യൂ സംഘം പറഞ്ഞു. പെരുമ്പാമ്പിനെ പിന്നീട് ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു. പാമ്പ് വരിഞ്ഞുമുറുക്കിയപ്പോള്‍ തന്നെ കുറുനരി ചത്തിരുന്നു.