മുത്തപ്പ അനുഗ്രഹം സുരേഷ് ഗോപിക്ക്, കണ്ണൂരില്‍ വീണ്ടും നേര്‍ച്ച വെള്ളാട്ടം

0

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സ്ഥാനാര്‍ഥികളില്‍ ചിലര്‍ ജയിച്ചു. ചിലര്‍ തോറ്റു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ട സ്ഥാനാര്‍ഥികള്‍ ജയിക്കണം എന്നായിരിക്കുമല്ലോ. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണേ എന്ന് പ്രാര്‍ഥിച്ച ഒരു ആരാധകന്‍ കണ്ണൂരില്‍ നേര്‍ച്ച വെള്ളാട്ടം നടത്തി.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും വെന്നിക്കൊടി പാറിച്ച സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കായി കണ്ണൂരില്‍ വീണ്ടും നേര്‍ച്ച വെള്ളാട്ടം നടത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിക്കണേയെന്നു മുത്തപ്പനോട് പ്രാര്‍ത്ഥിച്ച കണ്ണൂര്‍ പരിയാരം സ്വദേശിയായ അജയകുമാറാണ് സ്വന്തം വീട്ടില്‍ നേര്‍ച്ച വെള്ളാട്ടം നടത്തിയത്. നേരത്തെ സുരേഷ് ഗോപി സിനിമകളുടെ വലിയ ആരാധകനാണ് അജയകുമാര്‍. തലസ്ഥാനവും ഏകലവ്യനും പത്രവും കമ്മീഷണറും ലേലവുമെല്ലാം തീയേറ്ററില്‍ പോയി കണ്ടു കൈയ്യടിച്ച ഒരാളാണ് ഇദ്ദേഹം. എന്നാല്‍ സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് റൂട്ടുമാറ്റിയതോടെ അജയകുമാറും കൂടെ കൂടി.തൃശൂരില്‍ രണ്ടു തവണ സുരേഷ് ഗോപി മത്സരിച്ചപ്പോഴും ജയിക്കണേയെന്ന പ്രാര്‍ത്ഥനയായിരുന്നു അജയകുമാറിന്. എന്നാല്‍ അന്ന് വോട്ടര്‍മാരെപ്പോലെ ഭാഗ്യവും കനിഞ്ഞില്ല. ഇത്തവണ എല്ലാം തുണച്ചു. മൂന്നാം തവണ സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചു. ഇതോടെ തന്റെ പ്രാര്‍ത്ഥന ഫലിച്ചതിന്റെ സന്തോഷത്തിലാണ് കൂലിപ്പണിക്കാരനായ അജയകുമാര്‍. ബിജെപി പരിയാരം പഞ്ചായത്ത് അംഗം കൂടിയാണ് അജയകുമാര്‍. നേര്‍ച്ച വെള്ളാട്ടത്തെ കുറിച്ചു അറിഞ്ഞ് ബിജെപി നേതാക്കളായ കെ രഞ്ചിത്ത്, ബിജു ഏളക്കുഴി സി രഘുനാഥ്, എപി ഗംഗാധരന്‍, രമേശന്‍ ചെങ്ങുനി എന്നിവര്‍ അജയകുമാറിന്റെ വീട്ടിലെത്തി. ബന്ധുക്കളും അയല്‍വാസികളുമായ നൂറിലേറെപ്പേര്‍ മുത്തപ്പനെ ദര്‍ശിക്കാനെത്തിയിരുന്നു. വന്നവര്‍ക്ക് പ്രസാദ സദ്യയും ഒരുക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപിക്കായി നേര്‍ച്ച വെള്ളാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.

Leave a Reply