കൂട്ടുകാരന്റെ ഭാര്യയ്ക്ക് സ്തനാര്‍ബുദം, ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിലകൂടിയ ബൈക്കുകള്‍ മോഷ്ടിച്ചു; ‘ആപ്പിള്‍’ പിടിയില്‍

0

ബംഗളൂരു: കര്‍ണാടകയില്‍ കൂട്ടുകാരന്റെ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കൂട്ടുകാരന്റെ ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനായാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് മുന്‍പ് പഴക്കച്ചവടം നടത്തിയിരുന്ന യുവാവ് പൊലീസിന് മൊഴി നല്‍കി.

ബംഗളൂരു ഗിരിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആപ്പിള്‍ എന്ന് അറിയപ്പെടുന്ന അശോക് ആണ് പിടിയിലായത്. ദമ്പതികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് അശോക് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയപ്പോള്‍ ഭക്ഷണവും താമസിക്കാന്‍ ഇടവും നല്‍കിയത് കൂട്ടുകാരനും ഭാര്യയുമാണെന്നും അശോകിന്റെ മൊഴിയില്‍ പറയുന്നു.ബജാജ് പള്‍സര്‍ 220 മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അശോക് പിടിയിലായത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ നിഖില്‍ ആണ് തന്റെ ബൈക്ക് മോഷണം പോയി എന്ന് കാണിച്ച് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അശോകിന്റെ പേരില്‍ ഇതിന് മുന്‍പും കേസുകളുണ്ട്. 15 കേസുകളുള്ള അശോക് ഒരു മാസം മുന്‍പാണ് ജയില്‍ മോചിതനായത്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അശോകിനെ ഭാര്യ ഉപേക്ഷിച്ച് പോയത്. തുടര്‍ന്നാണ് കൂട്ടുകാരന്റെ വീട്ടില്‍ താമസമാക്കിയത്. കൂട്ടുകാരന്റെ ഭാര്യ ടെലികോം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അതിനിടെയാണ് കാന്‍സര്‍ ബാധിതയായത്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും കൂട്ടുകാരന്റെ ഭാര്യയുടെ ചികിത്സയ്ക്കായാണ് നല്‍കിയിരുന്നതെന്നും പൊലീസ് പറയുന്നു. വീടുകളിലെ പൂട്ട് തകര്‍ത്താണ് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. പള്‍സര്‍, കെടിഎം ബൈക്കുകളാണ് ഇവര്‍ ലക്ഷ്യംവെച്ചിരുന്നത്. എട്ടു ബൈക്കുകളും 10.7 ലക്ഷം രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.

Leave a Reply