ഒന്നാം റാങ്കുകാർ 17 പേരായി കുറയും; നീറ്റ് പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളിൽ

0

ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്‌ യുജി) യുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ജേതാക്കൾ 17 പേരായി കുറയുമെന്നാണു സൂചന. ചോദ്യപേപ്പറിലെ വിവാദചോദ്യത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ റാങ്ക്‌പട്ടികയിൽ വലിയമാറ്റങ്ങളുണ്ടാകും.

പരീക്ഷയിലെ 19–ാം ചോദ്യത്തിനു 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്ക് നൽകിയ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേർക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്കു വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ 6 പേർ നേരത്തെ ഒഴിവായിരുന്നു.

44 പേരുടെ മാർക്ക് 720 ൽ നിന്ന് 715 ആയി കുറയും. 720 നു പിന്നിൽ 716 മാർക്കു നേടിയ 70 വിദ്യാർഥികളുണ്ട്. ഫലത്തിൽ ആദ്യ പട്ടികയിൽ ഒന്നാം റാങ്കുകാരായിരുന്ന 44 പേർക്ക് 88 മുതലുള്ള റാങ്കുകളാകും ലഭിക്കുക. 4,20,774 വിദ്യാർഥികൾക്കാണ് അഞ്ച്‌ മാർക്ക്‌ വീതം നഷ്ടപ്പെടുന്നത്.19-ാം ചോദ്യത്തിന്‌ ഉത്തരമായി രണ്ട്‌, നാല്‌ ഓപ്‌ഷനുകൾ എഴുതിയവർക്ക്‌ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നാല്‌ മാർക്ക്‌ നൽകിയിരുന്നു. സുപ്രീംകോടതി നിർദേശത്തിൽ ചോദ്യം പരിശോധിച്ച ഡൽഹി ഐഐടി നാലാം ഓപ്‌ഷനാണ്‌ ശരിയെന്ന് റിപ്പോര്‍ട്ട് നല്‍കി. രണ്ടാം ഓപ്‌ഷൻ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക്‌ നൽകിയ നാല്‌ മാർക്ക്‌ പോകും. തെറ്റ്‌ ഉത്തരത്തിന് നെഗറ്റീവ്‌ മാർക്ക് ആകും. ഇതോടെ അഞ്ച്‌ മാർക്കിന്റെ കുറവുണ്ടാകും.

Leave a Reply