സിനിമ സ്‌റ്റൈലില്‍ ലഹരിവേട്ട; രാസലഹരിയുമായി കടന്ന സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

0

തൃശൂര്‍: മാളയില്‍ അതിമാരക രാസ ലഹരിയുമായി മൂന്നു പേര്‍ പിടിയില്‍. മാള കല്ലൂര്‍ വൈന്തല സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ മനു ബേബി (28) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ് (28) , പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി തടത്തില്‍ സണ്ണി ജോസ് ജോണ്‍ (27) എന്നിവരാണ് നൂറു ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായത്.

ഹൈവേയില്‍ മൂന്നുപേര്‍ അമിതവേഗതയില്‍ കാറോടിച്ച് പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് സംഘം കാറിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഇവരെ പിന്‍തുടരുകയായിരുന്നു. ജില്ലാപൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രതികളെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

പുതുക്കാട് വച്ച് കാറിനു സമീപമെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഇവര്‍ അമിത വേഗതയില്‍ കുതിച്ച് മുരിങ്ങൂര്‍ അടിപ്പാതയിലൂടെ പാഞ്ഞെങ്കിലും പൊലീസ് സംഘം പിന്നാലെ പിന്തുടര്‍ന്നന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍ എം.ന്റെയും നേതൃത്വത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്പെക്ടര്‍ ശിവന്‍ എന്നിവരും ഡാന്‍സാഫ് ക്രൈംസ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

Leave a Reply